തൃകലങ്ങോട്:ഭരണസമിതി പോലുമറിയാതെ മൂന്നു കോടി രൂപ ചിലവിട്ട് പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി പ്രസിഡന്റ് രഹസ്യമായി ടെൻഡർ ക്ഷണിച്ചതിൽ പ്രതിഷേധം. സ്വന്തം മുന്നണിയിലെ കോൺഗ്രസ് ലീഗ് അംഗങ്ങളെപ്പോലും ഇരുട്ടിൽ നിർത്തിയാണ് പ്രസിഡന്റ് എൻ പി മുഹമ്മദ് സ്വന്തം ഇഷ്ടപ്രകാരം ടെൻഡർ പരസ്യം പ്രസിദ്ധീകരിച്ചത്. വൻ അഴിമതി ലക്ഷ്യമിട്ട് സ്വകാര്യ കമ്പനിയുമായി പ്രസിഡന്റ് രഹസ്യക്കരാറുണ്ടാക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
പഞ്ചായത്ത് ബോർഡിൽ വിഷയം അവതരിപ്പിച്ച് അംഗീകാരം നേടിയ ശേഷമാണ് സാധാരണഗതിയിൽ വൻകിട പദ്ധതികൾക്ക് അനുമതി നൽകുന്നതും അടങ്കൽ തുക നിശ്ചയിക്കുന്നതും. എന്നാൽ എല്ലാവിധ ജനാധിപത്യ മര്യാദകളും ചട്ടങ്ങളും കാറ്റിൽപ്പറത്തിയാണ് പ്രസിഡന്റിന്റെ ഈ ഏകപക്ഷീയ നടപടി. പത്രപ്പരസ്യം കണ്ടപ്പോഴാണ് യുഡിഎഫ് അംഗങ്ങൾ പോലും വിവരം അറിയുന്നത്. കഴിഞ്ഞമാസം 15-ന് പകൽ രണ്ടിന് മുമ്പായി ടെൻഡർ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണമെന്നും വൈകീട്ട് നാലിന് തുറക്കുമെന്നുമായിരുന്നു പരസ്യത്തിൽ വ്യക്തമാക്കിയിരുന്നത്.
ഇത്രയും വലിയൊരു പദ്ധതിയെക്കുറിച്ച് ഭരണസമിതിയിൽ യാതൊരു കൂടിയാലോചനകളും നടന്നിട്ടില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ തന്നെ തുറന്നുപറയുന്നു. ഭരണമുന്നണിയിലെ പ്രബലരായ ലീഗിലെ മറ്റ് അംഗങ്ങളും ഈ ടെൻഡർ നാടകത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരറിവുമില്ലെന്ന നിലപാടിലാണ്. ബോർഡിന്റെ അനുമതി പോലുമില്ലാതെ, തികച്ചും ദുരൂഹമായി നടത്തിയ ഈ അനധികൃത ടെൻഡർ നടപടി ഉടനടി റദ്ദാക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ശക്തമായി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച്ച ചേർന്ന ബോർഡ് യോഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളായ സുധീഷ് കരിക്കാട്. വി വിമല, സി എം റസാഖ്, അനൂപ എടക്കാട് എന്നിവർ സംസാരിച്ചു.
