ആകാശ എയർ കമ്പനിയുടെ മുംബൈ-കരിപ്പൂർ സർവീസിന് തുടക്കമായി. ക്യൂ.പി. 1701 നമ്പറിലുള്ള വിമാനം മുംബൈയിൽ നിന്ന് വൈകീട്ട് 5.35 ന് പുറപ്പെട്ട് 7.20 ന് കരിപ്പൂരിലെത്തി. വൈകീട്ട് 7.55 നാണ് വിമാനം കരിപ്പൂരിൽ നിന്ന് തിരിച്ചുപറന്നത്. ആകാശ എയറിൻ്റെ 24-ാമത്തെ ആഭ്യന്തര ലക്ഷ്യസ്ഥാനമാണ് കരിപ്പൂർ.
ആദ്യസർവീസിൽ മുംബൈയിൽ നിന്ന് 176 പേരാണ് യാത്രക്കാരായി കരിപ്പൂരിൽ ഇറങ്ങിയത്. തിരിച്ചുള്ള സർവീസിൽ 165 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ കോഴിക്കോട് എം.പി. സർവീസ് ഉദ്ഘാടനം ചെയ്‌തു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ടി.വി. ഇബ്രാഹിം എം.എൽ.എ., ആകാശ എയർ സൗത്ത് ഈസ്റ്റ് ജനറൽ മാനേജർ, കേരള-തമിഴ്‌നാട് മാർക്കറ്റിങ് മാനേജർ, വിമാനത്താവള ജനറൽ മാനേജർ, വിമാനത്താവള മാനേജർ എന്നിവർ പ്രസംഗിച്ചു.
ബോയിങ് 737 മാക്‌സ് വിമാനമാണ് ആകാശ എയർ സർവീസിന് ഉപയോഗിക്കുക. 180 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനത്തിൽ മുഴുവൻ സീറ്റുകളും എക്കോണമി ക്ലാസിൽ ആയിരിക്കും. 3000 രൂപ മുതൽ 4000 രൂപവരെയാണ് ഇവർ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. 28 മുതൽ കരിപ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് ഇവർ സർവീസ് ആരംഭിക്കുന്നുണ്ട്. ആഴ്ചയിൽ മൂന്ന് സർവീസുകൾക്കാണ് പദ്ധതി.
