തുടർച്ചയായ കാലവർഷക്കെടുതികളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ കലണ്ടർ പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സർക്കാർ അടിയന്തരമായി ആരംഭിക്കണമെന്ന് എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.
അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ റെഡ്, ഓറഞ്ച് അലർട്ടുകളെ തുടർന്നുള്ള തുടർച്ചയായ അവധികൾ പഠനപ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ കാരണം ഓരോ വർഷവും 10 മുതൽ 15 വരെ പ്രവൃത്തി ദിനങ്ങളാണ് നഷ്ടപ്പെടുന്നത്. ഇത് വിദ്യാർഥികളുടെ പഠനത്തെ മാത്രമല്ല, അധ്യാപകരെയും രക്ഷിതാക്കളെയും പ്രതികൂലമായി ബാധിക്കുന്നു.
ദേശീയതല പ്രവേശന പരീക്ഷകൾ, മറ്റ് അക്കാദമിക് ക്രമീകരണങ്ങൾ എന്നിവയെല്ലാം പരിഗണിച്ചുകൊണ്ടായിരിക്കണം അക്കാദമിക് കലണ്ടറിലെ പരിഷ്കരണങ്ങൾ. ഇതിനായി വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപക സംഘടനകൾ, രക്ഷിതാക്കളുടെ പ്രതിനിധികൾ, കാലാവസ്ഥാ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി ചർച്ചകൾ വേഗത്തിലാക്കണം.
ഓരോ കാലവർഷം വരുമ്പോഴും ചർച്ചയാരംഭിക്കുകയും പിന്നീട് വിസ്മരിക്കുകയും ചെയ്യുന്ന സമീപനം അവസാനിപ്പിക്കണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടുള്ള ദീർഘകാല വിദ്യാഭ്യാസ നയമാണ് കേരളത്തിന് ആവശ്യം. വിദ്യാഭ്യാസം മുടങ്ങാതെയും സുരക്ഷിതമായും മുന്നോട്ടുപോകാനുതകുന്ന തീരുമാനങ്ങളാണ് സർക്കാർ കൈകൊള്ളേണ്ടത്.
