തൃക്കലങ്ങോട് :തൃക്ക ലങ്ങോട് ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ(പ്രൊജക്റ്റ് No:256, പ്രവർത്തനങ്ങൾക്ക് 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്) ലഹരി വിരുദ്ധ കാമ്പയ്‌ൻ ന്റെ ഭാഗമായും സംസ്ഥാന സർക്കാരിന്റെ 'ഓപ്പറേഷൻ തൂഫാൻ' ഭാഗമായും തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സേനയ്ക്ക് രൂപം നൽകുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് NP മുഹമ്മദ് ന്റെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
പഞ്ചായത്തിലെ 24 വാർഡുകളെയും കോർത്തിണക്കിയാണ് ലഹരി വിരുദ്ധ സേന രൂപീകരിക്കുന്നത്. ഓരോ വാർഡിൽ നിന്നും സന്നദ്ധരായ 4 സ്ത്രീകളെയും 6 പുരുഷന്മാരെയും ഉൾപ്പെടുത്തി 10 അംഗങ്ങളെയാണ് തിരഞ്ഞെടുക്കുക. ഇത്തരത്തിൽ 24 വാർഡുകളിൽ നിന്നായി ആകെ 240 പേർ അടങ്ങുന്ന ശക്തമായ ലഹരി വിരുദ്ധ സേനയാണ് പഞ്ചായത്ത് തലത്തിൽ പ്രവർത്തനസജ്ജമാവുക.
സംസ്ഥാനത്ത് ലഹരിമരുന്നിന്റെ വിപണനവും ഉപയോഗവും പൂർണ്ണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിച്ച ജനകീയ കാമ്പെയ്നാണ് 'ഓപ്പറേഷൻ തൂഫാൻ'. കേവലം നിയമപാലനം കൊണ്ട് മാത്രം ലഹരിയെ തടയാനാവില്ലെന്ന തിരിച്ചറിവിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയുള്ള ഈ ജനകീയ ചെറുത്തുതോൽപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ശക്തമായ പ്രതിരോധം തീർക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗ്രാമപഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ഈ സേന സജീവമായി രംഗത്തുണ്ടാകും.
ജില്ലയിലെ പോലീസ്, എക്‌സൈസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ,ലഹരി വിരുദ്ധ സേന അംഗങ്ങൾ, അയൽക്കൂട്ട പ്രസിഡന്റ്, സെക്രട്ടറിമാർ, അംഗൻവാടി വർക്കേഴ്സ്, റിട്ടയ്ഡ് പോലീസ് എക്സയ്സ് ഉദ്യോഗസ്ഥർ,പാലിയേറ്റീവ് വളണ്ടിയർമാർ, Mec7 അംഗങ്ങൾ,റിട്ടയ്ട് അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർ,ക്ലബ് ഭാരവാഹികൾ, വായനശാല ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,യുവജന വിദ്യാർത്ഥി സംഘടന പ്രതിനിധികൾ,മത സംഘടന പ്രതിനിധികൾ, വ്യാ പാരി വ്യവസായി പ്രതിനിധികൾ, തുടങ്ങി വിത്യസ്ത മേഖലയിൽ ഉള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് ലഹരി വിരുദ്ധ
പ്രവർത്തനങ്ങളുടെ ക്യാമ്പയ്‌ൻ ഉദ്ഘാടന സംഗമം നടത്താനും തീരുമാനിച്ചു. സേനയുടെ രൂപീകരണത്തോടെ തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിൽ താഴെപ്പറയുന്ന പ്രതിരോധ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ഭരണസമിതി തീരുമാനിച്ചു:
* ഗ്രാമീണ മേഖലകളിലെ നിരീക്ഷണം: വിദ്യാലയ പരിസരങ്ങൾ, ലഹരി വിൽപ്പനയ്ക്കോ ഉപയോഗത്തിനോ സാധ്യതയുള്ള വിജനമായ പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സേനാംഗങ്ങളുടെ നിരന്തരമായ നിരീക്ഷണം ഉറപ്പാക്കും.
•എക്സൈസ്-പോലീസ് ഏകോപനം: വാർഡുകളിൽ നിന്ന് ലഭിക്കുന്ന ലഹരി വിൽപന സംബന്ധിച്ച രഹസ്യ വിവരങ്ങൾ ഉടനടി എക്സൈസ്, പോലീസ് വകുപ്പുകൾക്ക് കൈമാറാൻ പ്രത്യേക സംവിധാനമൊരുക്കും.
* വ്യാപകമായ ബോധവൽക്കരണം: കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, യുവജന ക്ലബ്ബുകൾ, വായനശാലകൾ എന്നിവയുടെ സഹകരണത്തോടെ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലേക്കും ബോധവൽക്കരണ ക്ലാസുകൾ എത്തിക്കും.അതോടൊപ്പം ഫുട്ബോൾ മത്സരം, തെരുവ് നാടകം, എന്നിവ സംഘടിപ്പിക്കും
* കൗൺസിലിംഗും പുനരധിവാസവും: ലഹരി ഉപയോഗത്തിലേക്ക് വഴിതെറ്റിപ്പോയവരെ കണ്ടെത്തി അവർക്ക് ആവശ്യമായ കൗൺസിലിംഗും ഡി-അഡിക്ഷൻ ചികിത്സയും നൽകാൻ ആരോഗ്യവകുപ്പുമായി ചേർന്ന് പ്രത്യേക ഹെൽപ്പ് ഡെസ്ക് ആരംഭിക്കും.
സമൂഹത്തിന്റെ നാളെയെ കാർന്നുതിന്നുന്ന ലഹരി മാഫിയക്കെതിരെ തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് ഒരടി പോലും പിന്നോട്ടില്ലെന്നും, ജനപ്രതിനിധികളും പൊതുജനങ്ങളും കൈകോർത്ത് ഈ പോരാട്ടം ശക്തമായി വിജയിപ്പിക്കുമെന്നും ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒറ്റകെട്ടായി പ്രഖ്യാപിച്ചു.
യോഗത്തിൽ വൈസ് പ്രസിഡന്റ് ലില്ലി ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ PMSA അൻവർ കോയ തങ്ങൾ, ശ്രീദേവി പ്രാക്കുന്ന്, മജീദ് പാലക്കൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സൈജൽ ആമയൂർ,സുധീഷ് കരിക്കാട്, ജലീൽ മരത്താണി,അർമിയാഹ് മാസ്റ്റർ, മുനീർ മാസ്റ്റർ, Np സജാദ്,പ്രജു ചാരങ്കാവ്, Cm റസാക്ക്, റജുല കുട്ടശ്ശേരി, റുബീന, വിമല, ഫഹ്‌മിദ, സുജിഷ, അനൂപ, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അസഹർ എന്നിവർ പങ്കെടുത്തു
