കാന്തപുരം നയിക്കുന്ന കേരളയാത്രക്ക് ജനുവരി ഒന്നിന് കാസര്‍കോട്ട് തുടക്കം
________________________
```
കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയാത്രക്ക് ജനു.1ന് കാസർകോട്ട് തുടക്കം കുറിക്കും.
"മനുഷ്യർക്കൊപ്പം"എന്നതാണ് ഇത്തവണ കേരള യാത്ര ഉയർത്തിപ്പിടിക്കുന്ന സന്ദേശം. യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും. അനുബന്ധമായി ജനുവരി ആറിന് തമിഴ്‌നാട്ടിലെ നീലഗിരിയില്‍ സ്‌നേഹയാത്രയും നടക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെന്റിനറിയുടെ ഭാഗമായാണ് കേരളയാത്ര നടത്തുന്നത്. കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് യാത്ര നായകൻ. സയ്യിദ് ഇബ്രാഹിം ഖലീല്‍ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ ഉപനായകരാണ്.
ഓരോ ജീവിക്കുമുള്ള അവകാശങ്ങള്‍ വകവെച്ചു കൊടുത്തു കൊണ്ടുളള നന്മ നിറഞ്ഞ ജീവിതവും പരസ്പര കരുതലും സംരക്ഷണവും സ്‌നേഹവും നല്‍കുന്ന ഒരു ആദർശ സമൂഹത്തിന്റെ നിർമ്മിതിയാണ് നാം അടിയന്തിരമായി ലക്ഷ്യം വെക്കേണ്ടത്. അതാണ് ഈ യാത്രയുടെയും അനുബന്ധ പദ്ധതികളുടെയും ഉള്ളടക്കംമെന്ന് കാന്തപുരം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
നന്മ നിറഞ്ഞ ജീവിതവും പരസ്പര കരുതലും സംരക്ഷണവും സ്‌നേഹവും സഹവര്‍ത്തിത്തവും ശീലമാക്കുന്ന ഒരു ആദർശ സമൂഹത്തിന്റെ നിർമ്മിതിക്കുള്ള യാത്രയാണിത്.
സാധാരണ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാവിധ വര്‍ഗീയ-ഭീകരവാദ-തീവ്രവാദ പ്രവർത്തനങ്ങളെയും തള്ളിപ്പറയാനും അതിനെതിരെ ശക്തമായ പ്രചാരണങ്ങള്‍ നടത്താനും കേരളം മുസ്ലിം ജമാഅത്ത് പ്രതിജ്ഞാബദ്ധമാണ്. വ്യത്യസ്ത മത രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പുലർത്തുന്ന എല്ലാ മനുഷ്യരെയും സഹിഷ്ണുതയോടെ കാണാൻ കഴിയുമ്ബോഴാണ് നാം മനുഷ്യർക്കൊപ്പം ആണെന്ന് അഭിമാനിക്കാൻ കഴിയുന്നത്.
1999 ല്‍ മനുഷ്യമനസ്സുകളെ കോർത്തിണക്കാൻ എന്ന പ്രമേയത്തിലും 2012 ഏപ്രിലില്‍ മാനവികതയെ ഉണർത്തുന്നു എന്ന സന്ദേശത്തിലും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ യാത്രയും ആ യാത്രകള്‍ മുന്നോട്ടുവെച്ച പ്രമേയങ്ങളും കേരളീയ സമൂഹം ഗുണകരമായി ചർച്ച ചെയ്തിട്ടുണ്ട്.
കേരള മുസ്ലിം ജമാഅത്തിന്റെ മാതൃ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് നൂറ്റാണ്ട് പൂർത്തിയാകുമ്ബോള്‍ 2026 ല്‍ സമസ്തയുടെ സമ്പൂർണ്ണ സമ്മേളനം നടക്കും. സമ്മേളനത്തോടനുബന്ധിച്ച് വിപ്ലവകരമായ കർമ്മ പദ്ധതികളാണ് സമസ്ത മുന്നോട്ടുവെക്കുന്നത്. മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.
ജനുവരി ഒന്നിന് ഉച്ചക്ക് ഉള്ളാള്‍ സയ്യിദ് മദനി മഖാം സിയാറത്തോടെ കേരള യാത്രക്ക് തുടക്കമാകും. മൂന്നു മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ലിയാരും കേരള യാത്ര സമിതി ചെയര്‍മാൻ കെ എസ് ആറ്റക്കോയ തങ്ങളും (കുമ്പോൽ) ജാഥാ നായകൻ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർക്ക് പതാക കൈമാറും. വൈകുന്നേരം അഞ്ചുമണിക്ക് ചെർക്കളയില്‍ സ്വീകരണ സമ്മേളനം നടക്കും.
ജനുവരി രണ്ടിന് കണ്ണൂർ കലക്ടറേറ്റ് മൈതാനം, ജനുവരി 3 നാദാപുരം, നാല് കോഴിക്കോട് മുതലക്കുളം, 5 കല്‍പ്പറ്റ , ആറ് ഗൂഡല്ലൂര്‍ , ഏഴിന് അരീക്കോട്, 8 തിരൂര്‍, 9 ഒറ്റപ്പാലം, 10 ചാവക്കാട്, 11 എറണാകുളം മറൈന്‍ ഡ്രൈവ്, 12 തൊടുപുഴ, 13 കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണി കായംകുളം, 16ന് വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ സമാപന സമ്മേളനം; ഇങ്ങനെയാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ജില്ലാ അതിര്‍ത്തികളില്‍ രാവിലെ 9 മണിക്ക് യാത്രയെ സ്വീകരിക്കും.യാത്രയോട് അനുബന്ധിച്ച് എല്ലാ ജില്ലകളിലും രാവിലെ 11ന് ജില്ലയിലെ പൗരപ്രധാനികളുടെ സ്‌നേഹവിരുന്നും പ്രസ് മീറ്റും നടക്കുന്നുണ്ട്. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, മറ്റു പ്രമുഖര്‍ സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി പങ്കെടുത്തു.
